Month: ജൂൺ 2023

സ്വാതന്ത്ര്യം നൽകുന്ന അനുസരണം

കൗമാരക്കാരിയുടെ മുഖത്തെ ഭാവം പരിഭ്രമവും ലജ്ജയും പ്രതിഫലിപ്പിച്ചു. 2022-ലെ വിന്റർ ഒളിമ്പിക്‌സിലേക്ക് പോകുമ്പോൾ, ഫിഗർ സ്‌കേറ്റർ എന്ന നിലയിൽ അവളുടെ വിജയം സമാനതകളില്ലാത്തതായിരുന്നു-ചാമ്പ്യൻഷിപ്പുകളുടെ ഒരു നിര അവളെ ഒരു സ്വർണ്ണ മെഡൽ നേടാനുള്ള ഒരു മികച്ച ഫോമിൽ ആക്കിയിരുന്നു. എന്നാൽ പിന്നീട് ഒരു പരിശോധനാഫലം അവളുടെ സിസ്റ്റത്തിൽ നിരോധിത പദാർത്ഥം കണ്ടെത്തി. പ്രതീക്ഷകളുടെയും അപലപനങ്ങളുടെയും അപാരമായ ഭാരം അവളുടെ മേൽ അടിച്ചേല്പിക്കപ്പെട്ടതിനാൽ, ഫ്രീ-സ്‌കേറ്റ് പ്രോഗ്രാമിനിടെ അവൾ ഒന്നിലധികം തവണ വീണു, വിജയികളുടെ പ്ലാറ്റ്‌ഫോമിൽ അവൾ നിന്നില്ല-മെഡലില്ല. ആരോപണത്തിനു മുമ്പ് അവൾ കലാസ്വാതന്ത്ര്യവും സർഗ്ഗാത്മകതയും പ്രദർശിപ്പിച്ചിരുന്നു, എന്നാൽ ഇപ്പോൾ ഒരു നിയമലംഘനത്തിന്റെ ആരോപണം അവളെ തകർന്ന സ്വപ്‌നങ്ങളിൽ തളച്ചിട്ടു.

മനുഷ്യരാശിയുടെ ആദ്യനാളുകൾ മുതൽ, നാം നമ്മുടെ സ്വതന്ത്ര ഇച്ഛാശക്തി പ്രയോഗിക്കുമ്പോൾ അനുസരണത്തിന്റെ പ്രാധാന്യം ദൈവം വെളിപ്പെടുത്തിയിട്ടുണ്ട്. അനുസരണക്കേട് ആദാമിനെയും ഹവ്വായെയും നമ്മെയെല്ലാവരെയും വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നു, പാപം നമ്മുടെ ലോകത്തിന് തകർച്ചയും മരണവും കൊണ്ടുവന്നു (ഉല്പത്തി 3:6-19). അത് അങ്ങനെ ആയിരിക്കേണ്ടിയിരുന്നില്ല. “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം-ഒരെണ്ണമൊഴികെ” എന്ന് ദൈവം രണ്ടുപേരോടും പറഞ്ഞിരുന്നു (2:16-17). തങ്ങളുടെ ''കണ്ണുകൾ തുറക്കപ്പെടുമെന്നും [അവർ] ദൈവത്തെപ്പോലെയാകുമെന്നും'' കരുതി അവർ വിലക്കപ്പെട്ട ''നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം'' (3:5; 2:17) ഭക്ഷിച്ചു. പാപവും അപമാനവും മരണവും പിന്നാലെ വന്നു.

നമുക്ക് ആസ്വദിക്കാനുള്ള സ്വാതന്ത്ര്യവും ധാരാളം നല്ല കാര്യങ്ങളും ദൈവം കൃപയോടെ നൽകുന്നു (യോഹന്നാൻ 10:10). സ്‌നേഹത്തിൽ, നമ്മുടെ നന്മയ്ക്കായി അവനെ അനുസരിക്കാൻ അവൻ നമ്മെയും വിളിക്കുന്നു. അനുസരണം തിരഞ്ഞെടുക്കാനും സന്തോഷം നിറഞ്ഞതും ലജ്ജിക്കേണ്ടതില്ലാത്തതുമായ ജീവിതം കണ്ടെത്താൻ അവൻ നമ്മെ സഹായിക്കട്ടെ.

ദൈവത്തിന്റെ ഉദ്യാനം

ജീവിതത്തിന്റെ സൗന്ദര്യത്തിന്റെയും ഹ്രസ്വതയുടെയും ഒരു ഓർമ്മപ്പെടുത്തൽ എന്റെ മുൻവാതിലിനു പുറത്ത് വളരുന്നുണ്ട്. കഴിഞ്ഞ വസന്തകാലത്ത്, എന്റെ ഭാര്യ മൂൺഫ്‌ളവർ ചെടിയുടെ വള്ളികൾ നട്ടുപിടിപ്പിച്ചു, പൂർണ്ണ ചന്ദ്രനെപ്പോലെ വലുതും വൃത്താകൃതിയിലുള്ളതുമായ വെളുത്ത പൂക്കൾ കാരണമാണ് ചെടിക്ക് ഈ പേര് ലഭിച്ചത്. ഓരോ പൂവും ഒരു രാത്രി വിടർന്ന് പിറ്റേന്നു രാവിലെ സൂര്യപ്രകാശത്തിൽ വാടിപ്പോകും, പിന്നൊരിക്കലും വിടരുകയില്ല. എന്നാൽ ചെടി പൂക്കളാൽ സമൃദ്ധമാണ്, എല്ലാ വൈകുന്നേരവും പുഷ്പങ്ങളുടെ ഒരു പുതിയ പരേഡ് അവതരിപ്പിക്കുന്നു. ഓരോ ദിവസവും വീട്ടിൽ വരുമ്പോഴും പോകുമ്പോഴും അത് കാണാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു, മടങ്ങിവരുമ്പോൾ എന്ത് പുതിയ സൗന്ദര്യം നമ്മെ സ്വീകരിക്കുമെന്ന് ആശ്ചര്യപ്പെടുന്നു.

ഈ ദുർബലമായ പൂക്കൾ തിരുവെഴുത്തുകളിൽ നിന്നുള്ള ഒരു സുപ്രധാന സത്യത്തെ ഓർമ്മിപ്പിക്കുന്നു. യെശയ്യാ പ്രവാചകന്റെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട് അപ്പൊസ്തലനായ പത്രൊസ് എഴുതി, ''കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.

''സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി പൂവുതിർന്നുപോയി'' (1 പത്രൊസ് 1:23-25). എന്നാൽ ദൈവം തന്റെ വാഗ്ദാനങ്ങൾ എന്നേക്കും പാലിക്കുമെന്ന് അവൻ നമുക്ക് ഉറപ്പുനൽകുന്നു! (വാ. 25).

ഒരു പൂന്തോട്ടത്തിലെ പൂക്കൾ പോലെ, നിത്യതയുമായി താരതമ്യം ചെയ്യുമ്പോൾ ഭൂമിയിലെ നമ്മുടെ ജീവിതം ഹ്രസ്വമാണ്. എന്നാൽ നമ്മുടെ ഹ്രസ്വതയിൽ ദൈവം സൗന്ദര്യം ആവേശിച്ചിരിക്കുന്നു. യേശുവിന്റെ സുവാർത്തയിലൂടെ, നാം ദൈവവുമായി ഒരു പുതിയ തുടക്കം കുറിക്കുകയും അവന്റെ സ്‌നേഹനിർഭരമായ സാന്നിധ്യത്തിൽ പരിധിയില്ലാത്ത ജീവിതത്തെക്കുറിച്ചുള്ള അവന്റെ വാഗ്ദാനത്തിൽ വിശ്വസിക്കുകയും ചെയ്യുന്നു. ഭൂമിയിലെ സൂര്യനും ചന്ദ്രനും ഒരു ഓർമ്മ മാത്രമാകുന്ന കാലത്തും, നാം എപ്പോഴും അവനെ സ്തുതിക്കും.

വിശ്വാസത്തിന്റെ കുതിപ്പ്

ഒരു മഴക്കാട്ടിലെ ഏറ്റവും ഉയർന്ന സ്ഥലത്ത് നിന്ന് ഒരു കേബിളിൽ തുങ്ങി സഞ്ചരിക്കാൻ ഞാൻ തയ്യാറെടുക്കുമ്പോൾ എന്റെ ഉള്ളിൽ ഭയം നിഴലിച്ചു. ഞാൻ പ്ലാറ്റ്‌ഫോമിൽ നിന്ന് ചാടുന്നതിന് സെക്കൻഡുകൾക്ക് മുമ്പ്, തെറ്റിപ്പോയേക്കാവുന്ന എല്ലാറ്റിനെയും കുറിച്ചുള്ള ചിന്തകൾ എന്റെ മനസ്സിൽ നിറഞ്ഞു. എന്നാൽ എനിക്ക് സംഭരിക്കാൻ കഴിയുന്ന മുഴുവൻ ധൈര്യത്തോടെ ഞാൻ മുന്നോട്ടു കുതിച്ചു. കാടിന്റെ നെറുകയിൽ നിന്ന് താഴേക്ക് ഇറങ്ങി, പച്ചപ്പ് നിറഞ്ഞ മരങ്ങൾക്കിടയിലൂടെ ഞാൻ ചീറിപ്പാഞ്ഞു, മുടികളെ കാറ്റ് തഴുകിയപ്പോൾ എന്റെ ആശങ്കകൾ പതുക്കെ മാഞ്ഞുപോയി. ഗുരുത്വാകർഷണം എന്നെ വഹിക്കാൻ അനുവദിച്ചുകൊണ്ട് ഞാൻ വായുവിലൂടെ നീങ്ങുമ്പോൾ, അടുത്ത പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള എന്റെ കാഴ്ച കൂടുതൽ വ്യക്തമായി, ഞാൻ സുരക്ഷിതമായി എത്തിച്ചേരുമെന്ന് എനിക്കു മനസ്സിലായി.

സിപ്പ് ലൈനിലെ എന്റെ സമയം, പുതിയതും വെല്ലുവിളി നിറഞ്ഞതുമായ പ്രയത്‌നങ്ങൾ ഏറ്റെടുക്കാൻ ദൈവം നമ്മോട് ആവശ്യപ്പെടുന്ന സമയങ്ങളെ ചിത്രീകരിച്ചു. നമുക്ക് സംശയവും അനിശ്ചിതത്വവും അനുഭവപ്പെടുമ്പോൾ ദൈവത്തിൽ ആശ്രയിക്കാനും “[നമ്മുടെ] സ്വന്തവിവേകത്തിൽ ഊന്നാതിരിക്കാനും'' (സദൃശവാക്യങ്ങൾ 3:5) തിരുവെഴുത്ത് നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ മനസ്സിൽ ഭയവും സംശയവും നിറയുമ്പോൾ, നമ്മുടെ പാതകൾ അവ്യക്തവും വളഞ്ഞുപുളഞ്ഞതുമാകാം. എന്നാൽ നമ്മുടെ വഴി ദൈവത്തിനു സമർപ്പിച്ചുകൊണ്ട് വിശ്വാസത്തിൽ മുന്നോട്ടുപോകാനുള്ള തീരുമാനമെടുത്തുകഴിഞ്ഞാൽ, “അവൻ [നമ്മുടെ] പാതകളെ നേരെയാക്കും” (വാ. 6). പ്രാർത്ഥനയിലും തിരുവെഴുത്തുകളിലും സമയം ചിലവഴിക്കുന്നതിലൂടെ ദൈവം ആരാണെന്ന് മനസിലാക്കുന്നതിലൂടെ വിശ്വാസത്തിന്റെ കുതിച്ചുചാട്ടം നടത്തുന്നതിനായി നാം കൂടുതൽ ആത്മവിശ്വാസം നേടുന്നു.

ജീവിതത്തിന്റെ വെല്ലുവിളികളിൽപ്പോലും നമുക്ക് സ്വാതന്ത്ര്യവും സമാധാനവും കണ്ടെത്താനാകും, നാം ദൈവത്തിൽ പറ്റച്ചേർന്നിരിക്കുകയും നമ്മുടെ ജീവിതത്തിലെ മാറ്റങ്ങളിലൂടെ നമ്മെ നയിക്കാൻ അവനെ അനുവദിക്കുകയും ചെയ്യുന്നു.

നമ്മുടെ സുരക്ഷിത സ്ഥാനം

അധ്യാപക ജോലിയിൽനിന്നു വിരമിച്ച ഡെബ്ബി സ്റ്റീഫൻസ് ബ്രൗഡർ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനെക്കുറിച്ചു കഴിയുന്നത്ര ആളുകൾക്കു ബോധവല്കക്രണം നടത്താനുള്ള ഒരു ദൗത്യത്തിലാണ്. കാരണം? ചൂട്. കാലാവസ്ഥയുമായി ബന്ധപ്പെട്ട മരണകാരണങ്ങളിൽ ഒന്നാം സ്ഥാനത്താണ് അമേരിക്കയിലെ കടുത്ത ചൂട്. മറുപടിയായി അവൾ പറയുന്നു, “ഞാൻ മരങ്ങളിൽ നിന്നാണ് തുടങ്ങുന്നത്.” മരങ്ങൾ നൽകുന്ന താപ സംരക്ഷണത്തിന്റെ മേലാപ്പ് സമൂഹങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന മാർഗ്ഗമാണ്. ''ഇത് ജീവന്മരണ പ്രശ്‌നം ആണ്. ഇത് സമൂഹത്തെ കേവലം സുന്ദരമാക്കാനുള്ള ശ്രമമല്ല.''

തണൽ കേവലം ഉന്മേഷദായകം മാത്രമല്ല, മറിച്ച് ജീവൻ രക്ഷാ ഉപാധികൂടിയാണ് എന്ന വസ്തുത സങ്കീർത്തനം 121 എഴുതിയ സങ്കീർത്തനക്കാരന് നന്നായി അറിയാമായിരുന്നു; മധ്യപൂർവ്വദേശത്ത്, സൂര്യാഘാതത്തിനുള്ള സാധ്യത സ്ഥിരമായി നില്ക്കുന്നു. ഈ യാഥാർത്ഥ്യം, ദൈവം നമ്മുടെ ഉറപ്പായ സുരക്ഷിതസ്ഥാനമാണെന്നുള്ള വ്യക്തമായ വിവരണത്തിന് ആഴം വർദ്ധിപ്പിക്കുന്നു - കാരണം അവന്റെ സംരക്ഷണയിൽ ''പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല'' (വാ. 6). 

യേശുവിൽ വിശ്വസിക്കുന്നവർ ഈ ജീവിതത്തിലെ വേദനയിൽ നിന്നോ നഷ്ടത്തിൽ നിന്നോ സ്വാഭാവിക പ്രതിരോധം ഉണ്ടെന്നോ അല്ലെങ്കിൽ ചൂട് അപകടകരമാകയില്ല എന്നോ ഇത് അർത്ഥമാക്കുന്നില്ല. “ഈ ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട്” (യോഹന്നാൻ 16:33) എന്നു ക്രിസ്തു നമ്മോടു പറഞ്ഞിട്ടുമുണ്ട്. എന്നാൽ നമ്മുടെ തണലായി ദൈവത്തെ ചിത്രീകരിക്കുന്ന ഈ സാദൃശ്യം, നമ്മുടെ വഴി എന്തുതന്നെയായാലും, നമ്മുടെ ജീവിതത്തെ അവൻ ജാഗ്രതയോടെ പരിപാലിക്കുന്നു എന്നു നമുക്ക് ഉറപ്പുനൽകുന്നു (സങ്കീർത്തനം 121:7-8). അവന്റെ സ്‌നേഹത്തിൽ നിന്ന് നമ്മെ വേർപെടുത്താൻ യാതൊന്നിനും കഴിയില്ലെന്നറിഞ്ഞുകൊണ്ട് അവനിൽ വിശ്വസിക്കുന്നതിലൂടെ നമുക്ക് അവിടെ വിശ്രമം കണ്ടെത്താനാകും (യോഹന്നാൻ 10:28; റോമർ 8:39).

പരീശോധനകളിലൂടെ ശക്തരാകുക

ഞാൻ ചില പഴയ കവറുകൾ തപ്പുമ്പോൾ ''എനിക്ക് ഒരു നേത്ര പരിശോധന നടത്തി'' എന്നെഴുതിയ ഒരു സ്റ്റിക്കർ കണ്ടപ്പോൾ ഓർമ്മകൾ എന്നിലേക്ക് ഇരമ്പിയെത്തി. തുള്ളിമരുന്നുകൾ കണ്ണിലുണ്ടാക്കുന്ന എരിച്ചിൽ സഹിച്ച് നാല് വയസ്സുള്ള മകൻ അഭിമാനത്തോടെ ഈ സ്റ്റിക്കർ ഷർട്ടിൽ പതിച്ചു നടക്കുന്നത് ഞാൻ എന്റെ മനസ്സിൽ കണ്ടു. ഒരു കണ്ണിന്റെ ദുർബലമായ പേശികൾ കാരണം, അവന് ദിവസവും മണിക്കൂറുകളോളം തന്റെ ആരോഗ്യമുള്ള കണ്ണിനു മുകളിൽ ഒരു പാച്ച് ധരിക്കേണ്ടി വന്നു-ദുർബലമായ കണ്ണ് ശക്തിപ്പെടുന്നതിനുവേണ്ടിയായിരുന്നു അങ്ങനെ ചെയ്തിരുന്നത്. അവന് ശസ്ത്രക്രിയയും ആവശ്യമായി വന്നു. അവൻ ഈ വെല്ലുവിളികളെ ഒന്നൊന്നായി നേരിട്ടു, ആശ്വാസത്തിനായി അവന്റെ മാതാപിതാക്കളെന്ന നിലയിൽ ഞങ്ങളെ നോക്കുകയും ശിശുസമാന വിശ്വാസത്തോടെ ദൈവത്തിൽ ആശ്രയിക്കുകയും ചെയ്തു. ഈ വെല്ലുവിളികളിലൂടെ അവൻ പ്രതിരോധശേഷി വികസിപ്പിച്ചെടുത്തു.

പരിശോധനകളും കഷ്ടതകളും സഹിക്കുന്ന ആളുകൾ പലപ്പോഴും ആ അനുഭവങ്ങളാൽ രൂപാന്തരപ്പെടുന്നു. എന്നാൽ അപ്പൊസ്തലനായ പൗലൊസ് കൂടുതൽ മുന്നോട്ട് പോയി ''നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു'' എന്നു പ്രഖ്യാപിച്ചു. കാരണം അവയിലൂടെ നാം സ്ഥിരോത്സാഹം വളർത്തിയെടുക്കുന്നു. സ്ഥിരോത്സാഹത്തോടൊപ്പം സ്വഭാവം വരുന്നു; സ്വഭാവം പ്രത്യാശയെ ഉളവാക്കുന്നു (റോമർ 5:3-4). പൗലൊസിന് തീർച്ചയായും പരിശോധനകൾ അറിയാമായിരുന്നു - കപ്പൽച്ചേതം മാത്രമല്ല, വിശ്വാസത്തിനുവേണ്ടിയുള്ള തടവും അവൻ അനുഭവിച്ചു. എന്നിട്ടും അവൻ റോമിലെ വിശ്വാസികൾക്ക് എഴുതി, “പ്രത്യാശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്‌നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ” (വാ. 5). നാം യേശുവിൽ ആശ്രയിക്കുമ്പോൾ ദൈവാത്മാവ് നമ്മുടെ പ്രത്യാശയെ നിലനിർത്തുന്നുവെന്ന് അപ്പൊസ്തലൻ തിരിച്ചറിഞ്ഞു.

നിങ്ങൾക്ക് എന്ത് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാലും, ദൈവം തന്റെ കൃപയും കരുണയും നിങ്ങളുടെ മേൽ ചൊരിയുമെന്ന് അറിയുക. അവൻ നിന്നെ സ്‌നേഹിക്കുന്നു.